കാബേജ് കോളിഫ്ലവർ എന്നിവ നടുന്നവരാണോ? എങ്കിൽ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം; ക്യാബേജ് കോളിഫ്‌ളവർ മാറ്റിനടുമ്പോൾ ഇങ്ങനെ ചെയ്യണം | transplanting cabbage cauliflower

transplanting cabbage cauliflower : കേരളത്തിൽ കാബേജ്, കോളിഫ്ലവർ, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണിത്. വലിയ സ്ഥലമൊന്നും ആവശ്യമില്ലാതെ ഗ്രോ ബാഗുകളിലും ടെറസിലും ഇവ നന്നായി വളർത്തിയെടുക്കാം. വിത്ത് പാകി മുളപ്പിച്ച തൈകൾക്ക് മൂന്നോ നാലോ ഇലകൾ വന്നതിനുശേഷം മാത്രമേ മാറ്റി നടാവൂ. തണലിൽ വളർന്ന തൈകളെ പെട്ടെന്ന് വെയിലുള്ള സ്ഥലത്തേക്ക് മാറ്റുന്നത് ചെടികൾ വാടിപ്പോകാൻ കാരണമാകും.

അതിനാൽ നടുന്നതിന് അഞ്ച്–ആറ് ദിവസം മുമ്പ് മുതൽ ദിവസവും കുറച്ചുസമയം വെയിൽ ലഭിക്കുന്ന സ്ഥലത്ത് വെച്ച് തൈകളെ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടുത്തണം. തൈകൾ മാറ്റി നടുന്നതിന് ഏകദേശം രണ്ടുമണിക്കൂർ മുമ്പ് പ്രോട്രേയിൽ വെള്ളം തളിച്ചുകൊടുക്കണം. ഇത് വേരുകൾ പൊട്ടാതെ എളുപ്പത്തിൽ തൈകൾ പുറത്തെടുക്കാൻ സഹായിക്കും. ഗ്രോ ബാഗിലോ ചെടിച്ചട്ടിയിലോ ആവശ്യത്തിന് അകലം പാലിച്ച് ചെറിയ കുഴികൾ തയ്യാറാക്കുക. കുഴിയുടെ അടിയിൽ അല്പം എല്ലുപൊടിയും അതിനുമുകളിൽ ചാണകപ്പൊടിയും ചേർക്കാം.

ശേഷം തൈകളുടെ വേരുകൾ മണ്ണിൽ ഉറപ്പിച്ച് നടണം. ഇലകളും വളർച്ചാഭാഗവും മണ്ണുകൊണ്ട് മൂടിപ്പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തൈകൾ നട്ടുകഴിഞ്ഞാൽ ചുവട്ടിൽ നന്നായി വെള്ളം ഒഴിച്ചുകൊടുക്കണം. ചെടികളുടെ ചുവട്ടിൽ ഈർപ്പവും തണുപ്പും നിലനിർത്താൻ ഉണങ്ങിയ ഇലകൾ, ശീമക്കൊന്നയിലകൾ എന്നിവ ഉപയോഗിച്ച് പുതയിടാം. തൈകൾ മാറ്റി നടുന്നത് വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് നല്ലത്. രാത്രിയിലെ തണുപ്പ് ചെടികൾക്ക് വേരുപിടിക്കാൻ സഹായിക്കും. ചെടികൾ വളരാൻ തുടങ്ങിയാൽ പത്തുദിവസത്തെ ഇടവേളകളിൽ ജൈവവളങ്ങൾ മാറിമാറി നൽകാം. കമ്പോസ്റ്റ്, പുളിപ്പിച്ച ജൈവവളങ്ങൾ എന്നിവ ഉപയോഗിക്കാം.

തുടക്കത്തിൽ നൈട്രജൻ അടങ്ങിയ വളങ്ങൾ വളർച്ചയ്ക്ക് സഹായിക്കും. കാബേജിൽ തലയും കോളിഫ്ലവറിൽ പൂവും രൂപപ്പെടാൻ തുടങ്ങുമ്പോൾ നൈട്രജൻ വളത്തിന്റെ അളവ് കുറയ്ക്കണം. കൂടാതെ മണ്ണിലെ കാൽസ്യത്തിന്റെ ലഭ്യതയ്ക്കും അമ്ലത നിയന്ത്രിക്കാനും കുമ്മായം ആവശ്യാനുസരണം നൽകാം. മാസത്തിലൊരിക്കൽ ഒരു സ്പൂൺ കുമ്മായം വെള്ളത്തിൽ കലക്കി ചെടിയുടെ തണ്ടിൽ നേരിട്ട് ഒഴിക്കാതെ മണ്ണിൽ നൽകാമെന്നാണ് വീഡിയോയിൽ പറയുന്നത്. ഈ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഏകദേശം മൂന്ന് മാസത്തിനുള്ളിൽ നല്ല വലിപ്പമുള്ള കാബേജും കോളിഫ്ലവറും വിളവെടുക്കാൻ സാധിക്കും. transplanting cabbage cauliflower Video Credit :
Chilli Jasmine

transplanting cabbage cauliflower