Saree dry clean at home : ഓണത്തിനോ മറ്റ് വിശേഷദിവസങ്ങൾക്കോ സാരി ധരിക്കുമ്പോൾ എണ്ണക്കറയും കറികളുടെ പാടുകളും പറ്റുന്നത് സാധാരണമാണ്. ഇത്തരം കറകൾ കളയാൻ ചില ലളിതമായ മാർഗങ്ങൾ വീട്ടിൽ തന്നെ പരീക്ഷിക്കാം. സാരിയിലെ എണ്ണക്കറയുള്ള ഭാഗത്തിന് താഴെ ഒരു ടിഷ്യു പേപ്പർ വെച്ച ശേഷം കുറച്ച് ടാൽക്കം പൗഡർ വിതറുക. വൃത്തിയുള്ള ബ്രഷ് ഉപയോഗിച്ച് പൗഡർ പരത്തിക്കൊടുക്കാം. കുറച്ചുനേരം കഴിഞ്ഞ് പൗഡർ നീക്കം ചെയ്താൽ എണ്ണ പൗഡർ വലിച്ചെടുത്തിട്ടുണ്ടാകും. കറ പൂർണമായി മാറിയില്ലെങ്കിൽ വീണ്ടും ആവർത്തിക്കാം.
മഞ്ഞൾക്കറ പോലുള്ള പാടുകൾ നീക്കാൻ അരമുറി നാരങ്ങാനീരിൽ അല്പം വെളുത്ത ടൂത്ത് പേസ്റ്റും കുറച്ച് ഷാംപൂവോ ഡിഷ് വാഷോ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം കറയുള്ള ഭാഗത്ത് പുരട്ടി പത്ത് മിനിറ്റ് വെച്ചശേഷം വെള്ളം ഒഴിച്ച് മൃദുവായി ബ്രഷ് ചെയ്യാം. അതുപോലെ സെറ്റ് സാരിയും മുണ്ടും കഴുകാൻ വെള്ളത്തിൽ അല്പം ഷാംപൂവും നാരങ്ങാനീരും ചേർക്കാം. സാരി ചുളിയാതിരിക്കാൻ ആദ്യം ഭംഗിയായി മടക്കി പത്ത് മിനിറ്റ് ഈ വെള്ളത്തിൽ മുക്കിവെക്കുക. പിന്നീട് സാധാരണ വെള്ളത്തിൽ രണ്ടുമൂന്ന് തവണ കഴുകി തണലിൽ ഉണക്കാം.
കളർ ഇളകാൻ സാധ്യതയുള്ള പുതിയ ബ്ലൗസുകളും വസ്ത്രങ്ങളും കഴുകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തെ വാഷിന് ഒരു കപ്പ് വെള്ളത്തിൽ ഒരു സ്പൂൺ ഉപ്പ് ചേർത്ത് ലയിപ്പിച്ച് വസ്ത്രം രണ്ടുമിനിറ്റ് മുക്കിവെക്കാം. തുടർന്ന് ഷാംപൂ ചേർത്ത വെള്ളത്തിൽ രണ്ടുമൂന്ന് മിനിറ്റ് വെച്ചശേഷം ശുദ്ധജലത്തിൽ കഴുകുക. കളർ ഗാർഡ് ഉൽപ്പന്നങ്ങളും ഉപയോഗിക്കാം. കടുത്ത നിറമുള്ള വസ്ത്രങ്ങൾ ആദ്യമായി കഴുകുമ്പോൾ നിറം പോകുന്നുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കണം. ഈ രീതികൾ പരീക്ഷിക്കുമ്പോൾ ആദ്യം വസ്ത്രത്തിന്റെ കാണാത്ത ചെറിയ ഭാഗത്ത് പരിശോധിക്കുന്നത് നല്ലതാണ്. ഇങ്ങനെ ശ്രദ്ധയോടെ കഴുകിയാൽ പ്രിയപ്പെട്ട സാരികളും ബ്ലൗസുകളും കൂടുതൽ കാലം ഭംഗിയോടെ സൂക്ഷിക്കാം. Saree dry clean at home Video Credit :
Ansi’s Vlog