coriander plants in a bottle : വീട്ടിൽ തന്നെ മല്ലിയില കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? കടകളിൽ നിന്ന് വാങ്ങുന്ന മല്ലിയിലയിൽ കീടനാശിനികളുടെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ വീട്ടിൽ തന്നെ വളർത്തിയെടുക്കുന്നതാണ് നല്ലത്. എന്നാൽ മല്ലി കൃഷി ചെയ്യുമ്പോൾ പലപ്പോഴും വെള്ളം കൂടുന്നതും കുറയുന്നതും കാരണം ചെടികൾ നശിച്ചുപോകാറുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരമായി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ കൃഷിരീതിയാണ് പരിചയപ്പെടുത്തുന്നത്.
ടെറസ്സിലോ ഫ്ലാറ്റിലോ വീട്ടുമുറ്റത്തോ എവിടെയും ഈ രീതിയിൽ മല്ലി വളർത്താം. ആദ്യം ഒരു പ്ലാസ്റ്റിക് കുപ്പി എടുത്ത് രണ്ടായി മുറിച്ചെടുക്കുക. മുകളിലെ ഭാഗത്തിന്റെ അടപ്പിൽ ഒരു ചെറിയ ദ്വാരം ഉണ്ടാക്കണം. അതിലൂടെ ഒരു തുണിയോ തിരിയോ കടത്തിവയ്ക്കുക. ഇനി പോട്ടിങ് മിക്സ് തയ്യാറാക്കാം. അതിനായി ചകിരിച്ചോർ, മണ്ണ്, ചാണകപ്പൊടി, കുറച്ച് പെർലൈറ്റ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മിശ്രിതം അധികം വെള്ളമില്ലാതെ ചെറുതായി നനച്ചെടുക്കണം.
കുപ്പിയുടെ അടപ്പിലൂടെ കടത്തിയ തുണിയുടെ ഒരു ഭാഗം മണ്ണിനുള്ളിലും മറ്റേ ഭാഗം പുറത്തേക്കും നീണ്ടുനിൽക്കണം. മണ്ണ് പുറത്തേക്ക് പോകാതിരിക്കാൻ ചെറിയ ടിഷ്യൂ പേപ്പർ ഉപയോഗിച്ച് ദ്വാരങ്ങൾ മൂടാം. ഇനി പോട്ടിങ് മിക്സ് കുപ്പിയിൽ നിറച്ച് മല്ലിവിത്തുകൾ പാകാം. വിത്തുകൾ 12–14 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് നടുകയോ നേരിട്ട് പാകുകയോ ചെയ്യാം. ചെറിയ കുഴികളിൽ കൂട്ടംകൂട്ടമായി വിത്തുകൾ ഇടുന്നതാണ് നല്ലത്. ശേഷം അല്പം മണ്ണിട്ട് മൂടി സ്പ്രേയർ ഉപയോഗിച്ച് ചെറുതായി വെള്ളം തളിക്കുക.
കുപ്പിയുടെ താഴ്ഭാഗത്ത് കുറച്ച് വെള്ളം നിറച്ച് മുകളിലെ ഭാഗം അതിലേക്ക് ഇറക്കിവയ്ക്കുക. തുണിയുടെ അറ്റം വെള്ളത്തിൽ മുങ്ങിക്കിടക്കണം. ഇതിലൂടെ വെള്ളം മുകളിലേക്ക് എത്തി മണ്ണിൽ ആവശ്യമായ ഈർപ്പം നിലനിർത്തും. രാവിലെ രണ്ടുമുതൽ നാലുമണിക്കൂർ വരെ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് കുപ്പി സ്ഥാപിക്കുക. ഉച്ചയ്ക്കും വൈകുന്നേരവും ശക്തമായ വെയിൽ ഒഴിവാക്കണം. വിത്തുകൾ മുളച്ച് ഒരാഴ്ച കഴിയുന്നതുവരെ വളം നൽകേണ്ടതില്ല. പിന്നീട് ആവശ്യാനുസരണം വളം ചേർക്കാം. അധികം വെള്ളം ഒഴിക്കാതെ ഈ രീതിയിൽ എളുപ്പത്തിൽ വീട്ടിൽ തന്നെ നല്ല മല്ലിയില വളർത്തിയെടുക്കാം. coriander plants in a bottle Video Credit : Chilli Jasmine