Aloe vera gel making : കടയിൽ നിന്ന് വിലകൂടിയ കറ്റാർവാഴ ജെൽ വാങ്ങി ഉപയോഗിക്കാറുണ്ടോ? ഇനി അതിന്റെ ആവശ്യമില്ല. വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് കടയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ നല്ല കറ്റാർവാഴ ജെൽ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. എങ്ങനെയാണെന്ന് നോക്കാം. അതിനായി രണ്ട് വലിയ കറ്റാർവാഴ തണ്ടുകൾ എടുക്കുക. കറ്റാർവാഴ മുറിക്കുമ്പോൾ മഞ്ഞനിറത്തിലുള്ള കറ പുറത്തുവരും. ഇത് ചിലരിൽ ചർമ്മ അലർജിക്ക് കാരണമാകാം.
അതിനാൽ ഈ കറ മുഴുവൻ ഒഴുകിപ്പോകാൻ തണ്ടുകൾ കുറച്ചുനേരം കുത്തനെ നിർത്തിവയ്ക്കണം. ശേഷം ചെറിയ കഷ്ണങ്ങളാക്കി തണുത്ത വെള്ളത്തിലിട്ട് നന്നായി കഴുകുക. കുറച്ചുനേരം വെള്ളത്തിൽ ഇട്ടുവെച്ച ശേഷം വീണ്ടും കഴുകിയെടുക്കാം. ഇനി രണ്ട് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ ഇടുക. ഒരു കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം. ഒരു കോട്ടൺ തുണിയിലൂടെ അരിച്ചെടുത്ത് നീര് പിഴിഞ്ഞെടുക്കുക. ഇത് 10–15 മിനിറ്റ് അനക്കാതെ മാറ്റിവയ്ക്കുക. ഈ സമയം കറ്റാർവാഴയുടെ കഷ്ണങ്ങൾ വീണ്ടും കഴുകി മുള്ളുകൾ കളഞ്ഞ് പുറംതൊലി നീക്കി ഉള്ളിലെ ജെൽ വേർതിരിച്ചെടുക്കുക.
ജെൽ ശുദ്ധമായ വെള്ളത്തിൽ കഴുകിയ ശേഷം മിക്സിയിൽ അരച്ച് അരിപ്പയിലൂടെ അരിച്ചെടുക്കണം. ഉരുളക്കിഴങ്ങ് നീരിന്റെ മുകളിൽ തെളിഞ്ഞുകിടക്കുന്ന വെള്ളം ഊറ്റിക്കളയുക. അടിയിൽ അടിഞ്ഞുകൂടിയ അന്നജം എടുക്കുക. ഇതിലേക്ക് കുറച്ച് വെള്ളം ചേർത്ത് വീണ്ടും പത്ത് മിനിറ്റ് മാറ്റിവയ്ക്കുക. പിന്നീട് തെളിഞ്ഞ വെള്ളം ഊറ്റിക്കളഞ്ഞ് അന്നജം വേർതിരിച്ചെടുക്കാം. ഇനി ഒരു കട്ടിയുള്ള പാത്രത്തിൽ അരിച്ചെടുത്ത കറ്റാർവാഴ നീരും ഉരുളക്കിഴങ്ങിന്റെ അന്നജവും ചേർത്ത് കട്ടകളില്ലാതെ നന്നായി യോജിപ്പിക്കുക. ചെറിയ തീയിൽ വെച്ച് ഏകദേശം ഏഴ് മിനിറ്റ് തുടർച്ചയായി ഇളക്കണം.
മിശ്രിതം കട്ടിയാകുമ്പോൾ തീ അണച്ച് മറ്റൊരു പാത്രത്തിലേക്ക് മാറ്റി പൂർണമായി തണുപ്പിക്കുക. തണുത്ത ശേഷം ഒരു വിറ്റാമിൻ ഇ ക്യാപ്സ്യൂളിലെ എണ്ണയും ഒരു ടീസ്പൂൺ ഗ്ലിസറിനും ചേർത്ത് നന്നായി ഇളക്കുക. വിറ്റാമിൻ ഇയും ഗ്ലിസറിനും ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. തയ്യാറായ ജെൽ വൃത്തിയുള്ള അടച്ച പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. പ്രിസർവേറ്റീവുകൾ ചേർത്തിട്ടില്ലാത്തതിനാൽ ചെറിയ അളവിൽ മാത്രം തയ്യാറാക്കി വൃത്തിയോടെ സൂക്ഷിക്കുകയും കുറച്ച് ദിവസത്തിനുള്ളിൽ ഉപയോഗിക്കുകയും ചെയ്യുക. ഉപയോഗിക്കുന്നതിന് മുമ്പ് ചെറിയൊരു ഭാഗത്ത് പുരട്ടി അലർജിയുണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുക. Aloe vera gel making Video Credit : Daily Bliss