Manjummel Boys Malayalam movie Review : ചിദംബരത്തിന്റെ സംവിധാനത്തിൽ ഫെബ്രുവരി 22 നു പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മഞ്ഞുമൽ ബോയ്സ്. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. 238 കോടിയാണ് ചിത്രത്തിന്റെ കളക്ഷൻ. ഒറ്റ വാക്കിൽ നിർവചിക്കാനോ എഴുതി മുഴുവിക്കാനോ കഴിയാത്ത ഒരേ ഒരു ബന്ധമേ ഈ ലോകത്തുള്ളൂ അത് സൗഹൃദങ്ങളാണ്. രക്തബന്ധത്തിന്റെയോ കർമബന്ധത്തിന്റെയോ ബാധ്യതകളില്ലാതെ നമ്മെ ചേർത്ത് പിടിക്കാൻ സുഹൃത്തുക്കൾക്ക് മാത്രമേ കഴിയൂ. സുഹൃത്ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ ഉൾപ്പെടെ ഒരുപാട് ഇറങ്ങിയിട്ടുണ്ട് എങ്കിലും പ്രേക്ഷകരുടെ ഹൃദയം ഇത്രയധികം നിറച്ച മറ്റൊരു ചിത്രം കാണില്ല എന്നതാണ് സത്യം. അതിനു ഒരു കാരണം കൂടിയുണ്ട്
അത് മറ്റൊന്നുമല്ല ഇത് വെറും ഒരു സിനിമ മാത്രമല്ല യഥാർത്ഥത്തിൽ നടന്ന സംഭവമാണ് എന്ന സത്യമാണ്. ഇത്രയും മനോഹരമായ ഒരു സൗഹൃദം കണ്ടപ്പോൾ പ്രേക്ഷകരുടെ കണ്ണ് നിറഞ്ഞു പോയതും അത് കൊണ്ട് തന്നെയാവും. കൊച്ചിയിലെ മഞ്ഞുമൽ എന്ന പ്രദേശത്തെ ഒരു ആർട്സ് ക്ലബ്ബിൽ നിന്നും 11 സുഹൃത്തുക്കൾ ചേർന്ന് കൊടൈക്കനാലിലേക്ക് ടൂർ പോകാൻ തീരുമാനിക്കുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയ ഇവരുടെ യാത്രയും വളരെ രസകരമാണ് എന്നാൽ ആ യാത്രയ്ക്കൊടുവിൽ അവർ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ദുരന്തം അവരുടെ ജീവിതത്തിൽ സംഭവിക്കുന്നു. കമൽ ഹസ്സന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ഗുണയിലൂടെ ഫേമസ് ആയ ഗുണ കെയ്വ് കാണാൻ പോകുകയാണ് മഞ്ഞുമൽ ബോയ്സ്. നിരവധി അപകടങ്ങൾ പതിയിരിക്കുന്ന ഈ ഗുണ ഗുഹയ്ക്ക് ഡെവിൾസ് കിച്ചൺ എന്നൊരു പേര് കൂടിയുണ്ട്.
ചെകുത്താന്റെ അടുക്കള. പ്രകൃതി ഒളിപ്പിച്ചു വെച്ചിരിക്കുന്ന നിഗൂഡമായ കുഴികളുടെ ആഴം മനുഷ്യരുടെ ചിന്തകൾക്കെല്ലാം അതീതമാണ് എന്നതാണ് സത്യം. അങ്ങനെ രസകരമായ ചില നിമിഷങ്ങൾക്കിടയിൽ മഞ്ഞുമൽ ബോയ്സിൽ ഒരാളായ സുഭാഷ് ഗുഹയിലേക്ക് വീഴുന്നു. ശ്രീനാഥ് ഭാസിയാണ് സുഭാഷ് ആയി എത്തിയത്. ഭയന്ന് വിറച്ച സുഹൃത്തുക്കൾ സഹായം തേടി ഓടി നടന്നു എങ്കിലും ആരും അവരെ സഹായിക്കാൻ എത്തിയില്ല. കാരണം ഒരുപാട് പേര് വീണ് മ രിച്ച ഒരു ഗുഹ കൂടി ആയിരുന്നു അത്. എന്നാൽ തങ്ങളുടെ സുഹൃത്തിനെ വിട്ട് കൊടുക്കാൻ മനസ്സ് വരാതിരുന്ന മഞ്ഞുമൽ ബോയ്സ് ജീവൻ പണയം വെച്ച് അവനെ രക്ഷിക്കാൻ ഒരുങ്ങുന്നു. ഗുഹയിലേക്ക് കയറു കെട്ടി സുഹൃത്തുക്കളിൽ ഒരാളായ കുട്ടൻ ഇറങ്ങുന്നു. അത്യപൂർവമായ ഈ സൗഹൃദത്തിന്റെ ആഴം ആ ഗുഹയുടെ ആഴത്തെക്കാൾ കൂടുതലാണെന്ന് നിസ്സംശയം
പറയാൻ കഴിയും സൗബിൻ ആണ് കുട്ടൻ ആയി എത്തിയത്. കുട്ടന്റെ ഈ സ്നേഹം കണ്ട് കയ്യടിച്ച പ്രേക്ഷകർ ഇത് സത്യത്തിൽ നടന്നതാണെന്ന് ഓർത്ത് വിങ്ങിപ്പൊട്ടിയിട്ടുണ്ട് എന്നതാണ് സത്യം. ചിത്രത്തിന്റെ ഹൈ ലൈറ്റ് ആയി വിശേഷിപ്പിക്കേണ്ടത് ഇളയരാജയുടെ കമ്പോസിഷനിലുള്ള ഗുണ എന്ന ചിത്രത്തിലെ കണ്മണി എന്ന പാട്ട് തന്നെയാണ്. ഇത്ര നാളും പ്രണയഗാനമായി ആ പാട്ടിനെ കണ്ടവർ ഇന്നിപ്പോൾ സൗഹൃദത്തെക്കുറിച്ചുള്ള ഗാനമായിട്ടാണ് അത് കാണുന്നത്. പാട്ടിനെ പ്ലേസ് ചെയ്തിരിക്കുന്ന സിറ്റുവേഷനും എടുത്തു പറയേണ്ടതാണ്. ചിത്രത്തിനെക്കുറിച്ച് പറയുമ്പോൾ എടുത്തു പറയേണ്ട മറ്റൊരു കാര്യം സെറ്റിനെക്കുറിച്ചാണ്. പലരും യഥാർത്ഥ ഗുണ കേവ് ആണെന്ന് വിശ്വസിച്ച ആ സ്ഥലം കമ്പ്ലീറ്റ് ആയി സെറ്റിട്ടതാണ്. നാല് കോടിയിലധികം ചിലവഴിച്ചു ഇട്ട സെറ്റിന്റെ പിന്നിൽ ഛായഗ്രഹകൻ അജയൻ ചാലിശ്ശേരി ആണ്.
പെരുമ്പാവൂരിലെ ഒരു ഗോഡൗണിലാണ് ഇത് ചിത്രീകരിച്ചതെന്ന് സിനിമ കണ്ട ആർക്കും വിശ്വസിക്കാൻ കഴിയില്ല എന്നതാണ് സത്യം. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ഹിറ്റാണ് മഞ്ഞുമൽ ബോയ്സ്. മറ്റൊരു മലയാള സിനിമയ്ക്കും ലഭിക്കാത്ത സ്വീകാര്യയതയാണ് മഞ്ഞുമൽ ബോയ്സിന് ലഭിച്ചത്. 50 കോടിയാണ് സിനിമ തമിഴ്നാട്ടിൽ മാത്രം സ്വന്തമാക്കിയത്. അതിന്റെ പിന്നിൽ കണ്മണി എന്ന പാട്ട് ഉണ്ടെന്ന കാര്യം ഉറപ്പാണ്. യഥാർത്ഥ മഞ്ഞുമൽ ബോയ്സിന്റെ ഈ അനുഭവം മലയാളികൾ ടെലിവിഷനിലൂടെയും പത്രത്തിലൂടെയുമെല്ലാം അറിഞ്ഞിട്ടുണ്ട് എങ്കിലും അതിന്റെ ആഴവും പരപ്പും മനസ്സിലാക്കി തരാൻ മഞ്ഞുമൽ ബോയ്സ് എന്ന ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിലെ ഓരോ അഭിനേതാവിന്റെയും പ്രകടനം എടുത്ത് പറയേണ്ടതാണ്. യഥാർത്ഥ മഞ്ഞുമൽ ബോയ്സിനോടൊപ്പം താമസിച്ചും സമയം ചിലവഴിച്ചുമെല്ലാം അവരെ തങ്ങളെക്കൊണ്ടാകും വിധം സ്ക്രീനിൽ പുന സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞിട്ടുമുണ്ട്.