Avesham Fahad Fasil Movie Review : തിയേറ്ററിലും ബോക്സ് ഓഫീസിലും പ്രേക്ഷകരുടെ മനസ്സിലും ആവേശത്തിരയിളക്കിയ അടുത്ത് കാലത്ത് കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി ചിത്രം ഏതാണെന്നു ചോദിച്ചാൽ മലയാള സിനിമ പ്രേമികൾ ഒരേ സ്വരത്തിൽ പറയുന്നത് ആവേശം സിനിമയെക്കുറിച്ച് തന്നെ ആയിരിക്കും. പാട്ട്, ഡാൻസ്, ആക്ട്, തുടങ്ങി എല്ലാത്തിലും തങ്ങളുടെ ഏറ്റവും ബെസ്റ്റ് കൊടുത്ത് ഓരോ അഭിനേതാക്കളും അഭിനയിച്ച ചിത്രമാണ് ആവേശം. എന്നാൽ എടുത്തു പറയേണ്ടത് അല്ലെങ്കിൽ എടുത്ത് പറയിപ്പിച്ചു കൊണ്ട് തന്റെ മറ്റൊരു കരിയർ ബെസ്റ്റ് പെർഫോമൻസ് കാഴ്ച വെച്ച സാക്ഷാൽ ഫഹദ് ഫാസിലിനെപ്പറ്റിയാണ്. കർണാടകയുടെ അണ്ടർ വേൾഡ് അടക്കി വാഴുന്ന, ഒരേ സമയം സാത്താനും മാലാഖയുമായി സ്ക്രീനിൽ അത്ഭുതം തീർക്കുന്ന രംഗണ്ണൻ ചെറിയ സ്വാധീനം ഒന്നുമല്ല പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയെടുത്തത്. അതിനു ഉത്തമ ഉദാഹരണമാണ് ഈയടുത്ത്
നടന്ന സ്കൂൾ പ്രവേശനോത്സവങ്ങളിൽ പോലും കുട്ടികൾ രംഗണ്ണനെപ്പോലെ വേഷമിട്ട് ആദ്യത്തെ സ്കൂൾ ദിനം ആഘോഷമാക്കിയത് പോലെയുള്ള വാർത്തകൾ. മാത്രവുമല്ല നവ്യ നായർ അടക്കം നിരവധി താരങ്ങളും രംഗണ്ണനെ അനുകരിച്ചു കൊണ്ട് റീൽ ചെയ്ത് ആ കഥാപാത്രത്തിനോടും ഫഹദിനോടും ഉള്ള ആരാധന പങ്ക് വെച്ചു. ഫഹദ് എന്ന നടൻ മലയാളികളെ അത്ഭുതപ്പെടുത്തിയത് ഇത് ആദ്യമല്ല. തന്റെ ആദ്യത്തെ ചിത്രത്തിലൂടെ ഏറ്റവും കൂടുതൽ കളിയാക്കലുകൾ കേട്ട മറ്റൊരു താരം ഉണ്ടാകില്ല എന്ന് തന്നെ വേണം പറയാൻ. എന്നാൽ പരിഹസിച്ചവരെക്കൊണ്ടെല്ലാം കയ്യടിപ്പിക്കാൻ ഫഹദ് എന്ന നടൻ കാണിച്ച ഡെഡിക്കേഷൻ അത് പറഞ്ഞറിയിക്കാൻ കഴിയാത്തത് തന്നെയാണ്. അന്നത്തെ ഫഹദിൽ നിന്ന് ഇന്നത്തെ രംഗണ്ണനിലേക്ക് ഉള്ള യാത്രയുടെ ആഴവും പരപ്പും ഓരോ അഭിനേതാവിനും വലിയൊരു പാഠം തന്നെയാണ് എന്നതിൽ സംശയമില്ല.
ഒരുപക്ഷെ ഫഹദ് ഇത് പോലെ അഴിഞ്ഞാടിയ മറ്റൊരു ചിത്രം ട്രാൻസ് ആയിരുന്നു. വലിയൊരു ഹിറ്റ് ആയില്ലെങ്കിലും തന്റെ ഒറ്റ ആളുടെ പെർഫോമൻസ് കൊണ്ട് ആ ചിത്രത്തിന് മറ്റൊരു മാനം കൊടുക്കാൻ ഫഹദിനു കഴിഞ്ഞു. അണ്ടർവേൾഡ് ഗുണ്ടാ നേതാവായ റംഗണ്ണൻ പ്രേക്ഷകരെ ചിരിപ്പിക്കുകയുയും കരയിപ്പിക്കുകയും ഭയപ്പെടുത്തുകയുമൊക്കെ ചെയ്തപ്പോൾ ഒരു പക്ഷെ ഫഹദ് എന്ന നടനെ മറന്ന് പോയവരാണ് നാം എല്ലാവരും. ഗുണ്ടയായതിന്റെ പേരിൽ അമ്മ ഉപേക്ഷിച്ചു പോയ രംഗണ്ണന്റെ മനസ്സിൽ എന്നും തീരാത്ത വേദന ആയിരുന്നു അമ്മയുടെ നഷ്ടമായ സ്നേഹം. സ്നേഹത്തിന് മുന്നിൽ മാത്രമാണ് രംഗണ്ണൻ എന്നും തൊറ്റു പോയത്. കോളേജിൽ തങ്ങളെ റാഗിങ്ങിനു ഇരയാക്കിയ സീനിയേഴ്സിനോട് പ്രതികാരം ചെയ്യാൻ ഒരു ഗുണ്ടയുടെ സഹായം വേണം അതിനു വേണ്ടി മാത്രമാണ് മലയാളി വിദ്യാർത്ഥികളായ അജുവും
ബിബിയും ശാന്തനും രംഗണ്ണനെ തേടി എത്തിയത്. എന്നാൽ തന്റെ അനിയന്മാരെപ്പോലെ അവരെ കണ്ട രംഗണ്ണൻ അവർക്ക് വേണ്ടി തനിക്ക് പറ്റുന്നതെല്ലാം ചെയ്തു. സോഷ്യൽ മീഡിയ താരങ്ങളായ ഹിപ്സ്റ്റർ, മിഥുൻ, റോഷൻ എന്നിവരാണ് ഈ മൂന്ന് വിദ്യാർത്ഥികളായി എത്തിയത്. അജു, ബിബി, ശാന്തൻ എന്നീ കഥാപാത്രങ്ങൾ ആയാണ് മൂവരും എത്തിയത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് ഇവർ. അത് പോലെ എടുത്തു പറയേണ്ടത് ഇവരുടെ ക്രൂരനായ സീനിയർ ആയ കുട്ടേട്ടൻ ആയി എത്തിയ മിഥുട്ടി എന്ന താരത്തെയാണ് ആദ്യത്തെ സിനിമയാണെന്ന് ഒരു മിനിറ്റ് പോലും തോന്നിക്കാത്ത തരത്തിലാണ് ഈ നാല് പേരും ഇതിൽ തകർത്താടിയത്. രംഗണ്ണനെക്കുറിച്ച് പറയുമ്പോൾ അമ്പാനെക്കുറിച്ച് പറയാതിരിക്കാൻ ആവില്ലലോ ആവേശം സിനിമയുടെ സെക്കന്റ് പില്ലർ ആണ് സജിൻ ഗോപു അവതരിപ്പിച്ച അംബാൻ.
രംഗണ്ണൻ ഒന്ന് കൈ ഞൊടിച്ചാൽ ഓടിയെത്താൻ ഒരുപാട് ആളുകൾ ചുറ്റുമുണ്ടെങ്കിലും രംഗണ്ണന്റെ കണ്ണ് നിറഞ്ഞാൽ കൂടെ കരയാൻ ഒന്നും പ്രതീക്ഷിക്കാതെ രംഗണ്ണനെ സ്നേഹിക്കാൻ ആകെ ഒരു അംബാനെ ഉള്ളു. വളരെ മികച്ച പ്രകടനമാണ് അംബാൻ സിനിമയിൽ കാഴ്ച വെച്ചത്. അംബാനു രംഗണ്ണനാണ് എല്ലാം. 30 കോടി ബജറ്റിൽ ഒരുക്കി 155 കോടിയിലധികം സ്വന്തമാക്കിയ ആവേശത്തിന്റെ സംവിധായകൻ ജിത്തു മാധവൻ ആണ്. ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെയും അൻവർ റഷീദ് എന്റെർടൈൻമെന്റിന്റെയും കീഴിൽ നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് പുറത്തിറക്കിയ ചിത്രമാണ് ആവേശം. മലയാളത്തിൽ ഇത് വരെയുള്ളതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ ഗാനങ്ങളും വൻ ഹിറ്റ് ആയിരുന്നു. സൂക്ഷിൻ ശ്യാം ആയിരുന്നു സംഗീതസംവിധാനം.