
പുട്ട് പൊടി കൊണ്ട് പലർക്കും അറിയില്ല ഇങ്ങനെ ഈ വൈറൽ റെസിപ്പി ഉണ്ടാക്കാമെന്ന്; ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ നല്ല കിടിലൻ ബ്രേക്ക്ഫാസ്റ്റ് | Puttupodi appam recipe
Puttupodi appam recipe : പുട്ടുപൊടി കൊണ്ട് തയ്യാറാക്കാം സോഫ്റ്റ് ബ്രേക്ക്ഫാസ്റ്റ്; വീട്ടിൽ പുട്ടുപൊടിയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ രുചികരവും സോഫ്റ്റുമായ ഒരു പ്രഭാതഭക്ഷണം തയ്യാറാക്കാം. അപ്പക്കാരമോ ഈസ്റ്റോ ബേക്കിങ് സോഡയോ ഒന്നും ചേർക്കാതെ തന്നെ നല്ല മൃദുവായ അപ്പം ഉണ്ടാക്കാൻ സാധിക്കും. ഇതിനായി രണ്ട് ഗ്ലാസ് പുട്ടുപൊടി ഒരു പാത്രത്തിലെടുത്ത് ഒന്നര തവി ചോറ് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒന്നര ഗ്ലാസ് വെള്ളം കുറേശ്ശെയായി ഒഴിച്ച് കുഴയ്ക്കുക.
ആവശ്യത്തിന് ഉപ്പും ചേർത്ത് പത്ത് മിനിറ്റ് മാറ്റിവയ്ക്കണം. പുട്ടുപൊടി വെള്ളം വലിച്ചെടുക്കുന്നതിനാൽ മാവ് കട്ടിയാണെന്ന് തോന്നിയാൽ കുറച്ചുകൂടി വെള്ളം ചേർക്കാം. പത്ത് മിനിറ്റിനുശേഷം കുതിർന്ന മിശ്രിതം മിക്സിയുടെ ജാറിലിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഏകദേശം മൂന്ന് മുതൽ മൂന്നര ഗ്ലാസ് വരെ വെള്ളം വേണ്ടിവരും. മാവ് അധികം കട്ടിയാകാതെയും വെള്ളംപോലെ നേർത്തുപോകാതെയും ശ്രദ്ധിക്കണം.
ഇതിലേക്ക് നാല് സ്പൂൺ തേങ്ങ ചിരകിയത് ചേർത്ത് നന്നായി ഇളക്കുക. ശേഷം മാവ് ഒരു പാത്രത്തിലേക്ക് മാറ്റി രാത്രി മുഴുവൻ അടച്ചുവയ്ക്കാം. പിറ്റേന്ന് രാവിലെ മാവ് നന്നായി പൊങ്ങി വന്നിട്ടുണ്ടാകും. വീണ്ടും ഇളക്കി ആവശ്യത്തിന് കട്ടിയുള്ള പരുവത്തിലാക്കുക. ഇനി ചൂടായ ദോശപ്പാനിൽ ഒരു തവി മാവ് ഒഴിച്ച് അധികം പരത്താതെ ചെറിയ കട്ടിയിൽ തന്നെ വയ്ക്കുക.
മാവിന്റെ മുക്കാൽ ഭാഗത്തോളം ചെറിയ കുമിളകൾ വന്നുതുടങ്ങുമ്പോൾ പാൻ മൂടിവച്ച് ഏകദേശം ഒരു മിനിറ്റ് വേവിക്കുക. ചെറിയ തീയിൽ പാകം ചെയ്യുന്നതാണ് നല്ലത്. അടിപൊളി സോഫ്റ്റ് അപ്പം തയ്യാറാകും. ഇതേ മാവ് ഉപയോഗിച്ച് വലിയ ദോശയും പാലപ്പവും തയ്യാറാക്കാം. ചൂടോടെ അൽപം നെയ്യ് ചേർത്ത് കഴിച്ചാൽ രുചി ഇരട്ടിയാകും. Puttupodi appam recipe Video Credit :
Malappuram Vavas
Comments are closed.