നിങ്ങൾ ഇതുവരെ ശീതകാല കൃഷി തുടങ്ങിയില്ലേ? ഇനിയും തുടങ്ങാൻ വൈകരുതേ! ക്യാരറ്റ്, കോളിഫ്ലവർ കൃഷി ചെയ്യുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം | Winter farming tips

Winter farming tips : ശീതകാലം ആരംഭിക്കുന്നതോടെ ക്യാരറ്റ്, കോളിഫ്ലവർ, ക്യാബേജ്, ബീറ്റ്റൂട്ട്, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്യാൻ അനുയോജ്യമായ സമയമാണ്. നല്ല വിളവ് ലഭിക്കാൻ ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വിത്തുകൾ നേരിട്ട് ഗ്രോ ബാഗിൽ പാകുന്നതിനുപകരം പ്രോ ട്രേകളിൽ മുളപ്പിച്ചെടുക്കുന്നത് കൂടുതൽ എളുപ്പമാണ്. ഇതിനായി ചകിരിച്ചോറും ചാണകപ്പൊടിയും ചേർത്ത മിശ്രിതം ട്രേയിൽ നിറച്ച് ചെറിയ കുഴികളിൽ വിത്തുകൾ പാകാം.

മുകളിൽ അല്പം ചകിരിച്ചോറ് വിതറി വെള്ളം തളിച്ചുകൊടുക്കുക. തൈകൾ നാലോ അഞ്ചോ ഇലകൾ വരുന്ന പ്രായമാകുമ്പോൾ വേരുകൾക്ക് കേടുപാടുകൾ സംഭവിക്കാതെ പറിച്ചുനടാം. തൈകൾ വാങ്ങുന്നവർ നടുന്നതിന് മുമ്പ് സ്യൂഡോമോണാസിൽ മുക്കിവയ്ക്കുന്നതും നല്ലതാണ്. ശീതകാല പച്ചക്കറികൾക്കുള്ള പോട്ടിങ് മിശ്രിതം തയ്യാറാക്കാൻ മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോറ് എന്നിവ തുല്യ അളവിൽ എടുക്കുക. ഇതിനൊപ്പം ഒരു പിടി എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും ചേർത്ത് നന്നായി യോജിപ്പിക്കാം.

മണ്ണിലെ ഈർപ്പം നിലനിർത്താനും വായുസഞ്ചാരം മെച്ചപ്പെടുത്താനും ചകിരിച്ചോറ് സഹായിക്കും. ഗ്രോ ബാഗിന്റെ പകുതിയിലധികം ഉണങ്ങിയ കരിയിലകൾ നിറച്ചശേഷം അതിനു മുകളിൽ പോട്ടിങ് മിശ്രിതം ചേർക്കുക. ബാഗ് പൂർണമായി മണ്ണിട്ട് നിറയ്ക്കരുത്. ചെടികൾ വളരുന്നതിനനുസരിച്ച് തണ്ടിന്റെ ചുവട്ടിൽ മണ്ണ് കൂട്ടിക്കൊടുക്കാൻ മുകളിൽ സ്ഥലം ആവശ്യമാണ്. തൈകൾ നടുമ്പോൾ അവസാനത്തെ ഇലയുടെ തുടക്കം വരെ മണ്ണിനടിയിൽ വരത്തക്കവിധം ആഴത്തിൽ കുഴിയെടുക്കണം. നടുന്ന സമയത്ത് വെള്ളം ഒഴിച്ചുകൊടുക്കുകയും ചെയ്യുക.

തൈകൾ നട്ടശേഷം ഒരു ലിറ്റർ വെള്ളത്തിൽ 10 ഗ്രാം സ്യൂഡോമോണാസ് കലർത്തി ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കാം. വേരുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നതിനൊപ്പം ചില രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെയും ഫംഗസുകളെയും നിയന്ത്രിക്കാനും ഇത് സഹായകരമാണ്. ആദ്യത്തെ രണ്ടാഴ്ച പ്രത്യേക വളപ്രയോഗം ആവശ്യമില്ല. പോട്ടിങ് മിശ്രിതത്തിലെ പോഷകങ്ങൾ ഉപയോഗിച്ച് തൈകൾ വേരുപിടിച്ച് വളരട്ടെ. പിന്നീട് ചെടികളുടെ വളർച്ച നിരീക്ഷിച്ച് ആവശ്യാനുസരണം മണ്ണും വളവും ചേർത്തുകൊടുക്കാം. Winter farming tips Video Credit :
little forest

Comments are closed.