Premalu Malayalam Movie Review : ഭാഷയുടെ അതിരുകൾ ഇല്ലാതെ മലയാള സിനിമ ആഘോഷമാകുന്ന അതി മനോഹര കാഴ്ച അതാണ് പ്രേമലു സിനിമ റിലീസ് ആയതോടെ നാം കണ്ടത്. ഗിരീഷ് എ ഡി സഹരചനയും സംവിധാനവും നിർവഹിച്ചു ഫെബ്രുവരി 9നു റിലീസ് ആയ പ്രേമലു ആദ്യത്തെ 50 ദിവസം കൊണ്ട് തിയേറ്ററിൽ നിന്ന് നേടിയ കളക്ഷൻ 100 കോടിയിലധികമാണ്. 135 കോടിയാണ് പ്രേമലുവിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചത്. ഒരു മുഴുനീള എന്റെർടൈനർ ആയ ചിത്രം മലയാളത്തിൽ മാത്രമല്ല മറ്റു ഭാഷകളിലും ഹിറ്റ് ആയി മാറി. ബാഹുബലി, ആർ ആർ ആർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ എസ് എസ് രാജ. മൗലിയുടെ മകൻ എസ് എസ് കാർത്തികെയുടെ
ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുവിന്റെ തെലുങ്ക് റൈറ്റ്സ് എടുത്തത്. തമിഴ് റൈറ്റ്സ് വാങ്ങിയത് നടനും ഡി എം കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയിന്റ് മൂവീസാണ്. തമിഴിൽ 20 കൊടിയും തെലുങ്കിൽ 13.7 കൊടിയും ആയിരുന്നു പ്രേമലു നേടിയ കളക്ഷൻ. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ പ്രേമലുവിൽ പ്രണയവും സൗഹൃദവും ചിരിയുമെല്ലാം ആവോളം ഉണ്ട്. യുവാക്കൾ ആയിരുന്നു സിനിമയുടെ ഉന്നം എങ്കിലും കുടുംബ പ്രേക്ഷകരും പ്രേമലു ഇരു കയ്യോടെ തന്നെ സ്വീകരിച്ചു. എന്നാൽ സിനിമയുടെ അണിയറ പ്രവർത്തകർ പോലും മുന്നിൽ കാണാതിരുന്ന സ്വീകാര്യതയാണ് കേരളത്തിന് പുറത്ത് ചിത്രത്തിന് ലഭിച്ചത്. ഒരു സൂപ്പർ താരം പോലും ഇല്ലാതെ കോടി ക്ലബ്ബിൽ കേറിയ ആദ്യത്തെ മലയാളം സിനിമ കൂടിയാണ് പ്രേമലു എന്നതാണു സത്യം.
ഹൈദരാബാദ് എന്ന സിറ്റിയുടെ മനോഹാരിത ഏറ്റവും ആകർഷണീയമായി ഒപ്പിയെടുക്കാൻ അണിയറ പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. അജ്മൽ സാബു ആണ് ചിത്രത്തിന്റെ സിനിമാട്ടോ ഗ്രഫി ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ദൃശ്യവിരുന്ന് വലിയൊരു പ്ലസ് പോയിന്റ് ആയി പറയാം. യുവനടന്മാരിൽ പ്രധാന താരമായ നെസ്ലിൻ ആണ് ചിത്രത്തിലെ നായകനായ സച്ചിൻ ആയി എത്തുന്നത്. പ്രിയ താരം മമിത ബിജു ആണ് നായിക. ഹൈദരാബാദിൽ കൂട്ടുകാരനായ അമൽ ഡേവിസിനൊപ്പം ഗേറ്റ് കൊച്ചിങ്ങിനു പോകുന്ന സച്ചിൻ വളരെ അപ്രതീക്ഷിതമായാണ് അവിടെ തന്നെ ഐ റ്റി കമ്പനിയിൽ ജോലി ചെയ്യുന്ന റീനുവിനെ പരിചയപ്പെടുന്നത്. തുടർന്ന് ഇവർ തമ്മിലുണ്ടാകുന്ന സൗഹൃദവും വഴക്കും പ്രണയവും എല്ലാം ഹസ്യത്തിന്റെ മേമ്പൊടിയോടെ രസകരമായി അവതരിപ്പിക്കുകയാണ്. യൂ കെ യിൽ പോയി പഠിക്കാൻ ഒരുങ്ങുന്ന സച്ചിന് ജീവിതത്തിൽ
പ്രത്യേകിച്ച് ലക്ഷ്യങ്ങൾ ഒന്നും തന്നെ ഇല്ല എന്നാൽ റീനു ആണെങ്കിലോ ജീവിതത്തെ വളരെ ലക്ഷ്യബോധത്തിൽ നയിക്കുന്ന പക്വതയുള്ള പെൺകുട്ടി. റീനുവിനെ കണ്ടത് മുതൽ സച്ചിന് അവളോട് പ്രണയമാണ് എന്നാൽ റീനുവിനു അവനോടുള്ളത് സൗഹൃദം മാത്രവും. റീനുവിന്റെ കൂട്ടുകാരിയാണ് കാർത്തു എന്ന് വിളിക്കുന്ന കാർത്തിക. സച്ചിന് അമൽ ഡേവിസ് പോലെ റീനുവിന് കാർത്തു എന്ന് വിളിക്കുന്ന കാർത്തികയാണ് അടുത്ത സുഹൃത്ത്. റീനുവിന്റെയും കാർത്തികയുടെയും ഓഫീസിൽ വർക്ക് ചെയ്യുന്ന ആദിയാണ് സച്ചിന്റെ ഏറ്റവും വലിയ ശത്രു. റീനുവുമായി അടുക്കാനുള്ള സച്ചിന്റെ എല്ലാ ശ്രമങ്ങളും പൊളിച്ചു കയ്യിൽ കൊടുക്കുന്ന ആളാണ് ആദി. ആദിയായി എത്തുന്നത് ശ്യാം മോഹനൻ ആണ്. അമൽ ഡേവിസ് ആയി വേഷമിടുന്നത് സംഗീത് ആണ്. കാർത്തികയായി എത്തുന്നത് അഖിലയും
റീനുവിന്റെ മറ്റൊരു സുഹൃത്തായ നീഹാരികയായി മീനാക്ഷിയും എത്തുന്നു. എല്ലാവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെയ്ക്കുന്നത് എങ്കിലും എടുത്ത് പറയേണ്ടത് ആദിയായി എത്തിയ ശ്യാമിന്റെ പ്രകടനം ആണ് സച്ചിനെയും അമലിനെയും തുടക്കം മുതൽ അവസാനം വരെ വെറുപ്പിക്കുന്ന ആദി മികച്ച ചിരി മുഹൂർത്തങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സാക്ഷാൽ രാജ മൗലി ചിത്രത്തെയും അഭിനേതാക്കളെയും അഭിനന്ദിച്ചു കൊണ്ട് നേരിട്ടത്തിയിരുന്നു. റീനുവിന്റെയും സച്ചിന്റെയും എല്ലാം പേരെടുത്ത് പറഞ്ഞ രാജമൗലി തന്റെ ഫേവറൈറ്റ് കഥാപാത്രം ആദിയുടേതാണ് എന്ന് ട്വിറ്ററിൽ കുറിച്ചു. റൈറ്ററെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്നിപ്പോൾ മറ്റു ഭാഷകളിൽ മലയാള സിനിമയുടെ മുഖം തന്നെ പ്രേമലു ആയി മാറിക്കഴിഞ്ഞു. ഈ ഒരൊറ്റ സിനിമയിലൂടെ മികച്ച താരങ്ങൾ എന്ന രീതിയിലേക്ക് മാറുവാൻ ഈ സിനിമയിലെ ഒട്ടുമിക്ക താരങ്ങൾക്കും സാധിച്ചിട്ടുണ്ട്..