“20 വർഷമായി തന്റെ മകളുടെ സ്വപ്നത്തിന് ഇന്ധനമേകുകയായിരുന്നു ഈ അച്ഛൻ”.. പെട്രോൾ പമ്പിൽ ജീവനക്കാരനായ അച്ഛന് മകൾ നൽകിയ സമ്മാനം!!

പയ്യന്നൂരിലെ IOCL പെട്രോൾ പമ്പിൽ 20 വർഷമായി ജോലി ചെയ്യുന്ന എസ് രാജഗോപാലിന് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. അന്നൂർ സ്വദേശി രാജഗോപാലിന്റെ മകൾ ആര്യ രാജഗോപാൽ, അക്കാദമിക് മികവിൽ രാജ്യത്തെ ആദ്യ റാങ്കുകളിൽ വരുന്ന IIT കാൺപൂരിൽ പെട്രോ കെമിക്കൽ എൻജിനീയറിങ് ബിരുദത്തിന് ചേർന്നിരിക്കുകയാണ്.

പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന അച്ഛനും, ബജാജ് മോട്ടോർസ് ജീവനക്കാരിയായ അമ്മയും ചേർന്നാണ് ആര്യയുടെ പഠന കാര്യങ്ങൾ നോക്കുന്നത്. പെട്രോ കെമിക്കൽ എൻജിനീയറിങിന് ചേർന്ന ആര്യയുടെ കഥ ട്വിറ്ററിൽ കേന്ദ്ര പെട്രോളിയം മന്ത്രി തന്നെ ഷെയർ ചെയ്തതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. ’20 വർഷമായി പെട്രോൾ പമ്പ് ജീവനക്കാരനായ രാജഗോപാലിന്റെ മകൾ ആര്യ രാജഗോപാൽ IIT കാൺപൂരിൽ PG പെട്രോൾ കെമിക്കൽ എൻജിനീയറിങ്ങിൽ സീറ്റ് കരസ്ഥമാക്കിയിരുന്നു.


20 വർഷമായി തന്റെ മകളുടെ സ്വപ്നത്തിന് ഇന്ധനമേകുകയായിരുന്നു ഈ അച്ഛൻ’ എന്ന് അശ്വിൻ നന്ദകുമാർ എന്ന മാധ്യമപ്രവർത്തകനാണ് ആദ്യം ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയായി ‘അഭിമാനം തന്നെയാണ്. തന്റെ അച്ഛനെയും, ഇന്ത്യൻ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ഈ പെൺകുട്ടി അഭിമാനത്തിലേക്ക് എത്തിച്ചിരിക്കുന്നു’ എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തത്.

കണ്ടങ്കാളി ഷേണായി സ്മാരക ഗവണ്മന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കിയ ആര്യ, കോഴിക്കോട് NIT യിൽ നിന്നാണ് ബീ ടെക് ബിരുദം നേടുന്നത്. ഉയർന്ന മാർക്കോടെ കോഴ്സ് പൂർത്തിയാക്കിയ ആര്യ, അക്കാദമിക മികവിൽ രാജ്യത്തെ ആദ്യ റാങ്കുകളിളുള്ള IIT കാൺപൂരിലേക്കുള്ള എൻട്രൻസ് നേടുകയും അവിടെ പഠനത്തിനായി ചേരുകയുമായിരുന്നു.

Comments are closed.