ക്യാപ്റ്റനും പോകില്ല, വൈസ് ക്യാപ്റ്റനും പോകില്ല..! ഒടുവിൽ കോഹ്ലിക്ക് വേണ്ടി ബലിയാടാവുക ശ്രേയസ് അയ്യരോ.!!

ഇന്ത്യ ന്യൂസിലാൻഡ് കാൺപൂർ ടെസ്റ്റ് സമാപിക്കും മുമ്പേ സോഷ്യൽ മീഡിയയിൽ ഡിസംബർ മൂന്നിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിനെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിച്ചിരിക്കുകയാണ്. രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി തിരിച്ചുവരുമ്പോൾ, ഇന്ത്യൻ ഇലവനിൽ നിന്ന് ആര് പുറത്തുപോകേണ്ടി വരും എന്നതാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.


കെഎൽ രാഹുലിന്റെ അഭാവത്തിൽ ഓപ്പണർമാരായ മായങ്ക് അഗർവാളിനും ശുഭ്മാൻ ഗില്ലിനും ടീമിലെ സ്ഥാനം നഷ്ടമാവില്ല എന്ന് ഉറപ്പാണ്. ടെസ്റ്റിൽ നാലാം നമ്പറിൽ ഇറങ്ങുന്ന കൊഹ്‌ലി ടീമിനോടൊപ്പം ചേരുന്നതോടെ മധ്യനിരയിൽ നിന്നൊരാൾ പുറത്തിരിക്കേണ്ടി വരും എന്ന് വ്യക്തം. അങ്ങനെയെങ്കിൽ, വിരാട് കൊഹ്‌ലിയുടെ അഭാവത്തിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത അജിങ്ക്യ രഹാനെ, വൈസ് ക്യാപ്റ്റൻ ചെതേശ്വർ പൂജാര, അരങ്ങേറ്റ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ശ്രേയസ് അയ്യർ എന്നിവരിലേക്കാണ് പുറത്തുപോകേണ്ട കളിക്കാരന്റെ സാധ്യതകൾ ചുരുങ്ങുന്നത്.

പുരോഗമിച്ചുകൊണ്ടിരിക്കുന്ന കാൺപൂർ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ 22 റൺസെടുത്ത് പുറത്തായ പൂജാര, തുടർച്ചയായി 39 ഇന്നിംഗ്സുകളിൽ സെഞ്ച്വറി നേടിയില്ല എന്ന നാണക്കേടിന്റെ റെക്കോർഡിൽ നിൽക്കുകയാണ്. സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ രഹാനെക്കാകട്ടെ 2021-ൽ കളിച്ച ടെസ്റ്റ്‌ മത്സരങ്ങളിൽ 25 റൺസ് ശരാശരിയാണുള്ളത്.

എന്നാൽ, ടെസ്റ്റ്‌ സ്പെഷ്യലിസ്റ്റ് ബാറ്ററായ പൂജാരയുടെയും, ഇന്ത്യയുടെ നിലവിലെ വൈസ് ക്യാപ്റ്റൻ കൂടിയായ രഹാനെയുടെയും അവസാന ഇന്നിംഗ്സുകളുടെ പേരിൽ ടീമിൽ നിന്ന് ഇരുവരും പുറത്തുപോകേണ്ടതില്ല എന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യയുടെ ബാറ്റിംഗ് കോച്ച് പ്രെസ്സ് മീറ്റിൽ വ്യക്തമാക്കിയത്. അവർ ഇപ്പോൾ മോശം ഫോമിലാണ്, എന്നാൽ അവർക്ക് കുറച്ച് ഇന്നിംഗ്സ് കൂടെ നൽകിയാൽ അവർ പഴയ ഫോമിൽ തിരിച്ചെത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടെ സോഷ്യൽ മീഡിയയിലെ വിരലുകൾ മുഴുവൻ ശ്രേയസ് അയ്യരിലേക്ക് എത്തി. ബാറ്റിംഗ് കോച്ചിന്റെ വാക്കുകൾ കൂടി കേട്ടതോടെ കോഹ്ലിയുടെ തിരിച്ചുവരവിൽ പുറത്തുപോകുന്ന താരം അയ്യർ ആയിരിക്കും എന്ന് ആരാധകർ കരുതുന്നു. കാൺപൂർ ടെസ്റ്റിൽ അരങ്ങേറ്റക്കാരനായ ശ്രേയസ് ആയ്യർ ആദ്യ ഇന്നിംഗ്സിൽ 105 റൺസ് നേടി സെഞ്ച്വറി തികച്ചപ്പോൾ, രണ്ടാം ഇന്നിംഗ്സിൽ നിർണായക ഘട്ടത്തിൽ 65 റൺസ് നേടി അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കിയിരുന്നു.

ആദ്യ ടെസ്റ്റിൽ ടീമിനെ നിർണായക സമയത്ത് കൈപിടിച്ച് ഉയർത്തിയ അയ്യർ കോഹ്ലിക്ക് വേണ്ടി പുറത്തുപോയാൽ, അത്‌ 2016 ൽ ഇംഗ്ലണ്ടിനെതിരെ 303 ട്രിപിൾ സെഞ്ച്വറി നേടിയ കരുൺ നായർ, അടുത്ത ടെസ്റ്റ്‌ മത്സരങ്ങളിൽ ടീമിലേക്ക് തിരിച്ചെത്തിയ രഹാനെക്ക്‌ വേണ്ടി പുറത്തുപോയതിന് സമാനമായിരിക്കും എന്നാണ് ആരാധകർ കരുതുന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ ആരാധകർ ഒന്നടങ്കം രഹാനെക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. രഹാനെ പുറത്തുപോവണം എന്നാണ് ആരാധകർ പറയുന്നത്.

Comments are closed.