ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിന് ശേഷം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഇന്ത്യക്ക്‌ തിരിച്ചടി.!!

കാൺപൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച്ച സമാപിച്ച ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ സമനിലയിൽ അവസാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ ഉയർത്തിയ 284 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിന് 165/9 എന്ന സ്‌കോറാണ് കളി അവസാനിക്കുമ്പോൾ നേടാനായത്.


ന്യൂസിലൻഡിനെതിരായ മത്സരത്തിലെ അവസാന ദിനം ഇന്ത്യയുടെ സ്റ്റാർ സ്പിൻ ജോഡികളായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും ചേർന്ന് 7 വിക്കറ്റുകൾ നേടിയപ്പോൾ, എതിർനിരയിൽ ന്യൂസിലാൻഡ് വാലറ്റം ക്രീസിൽ പിടിച്ചു നിന്നതോടെ കളി സമനിലയിൽ പിരിയുകയായിരുന്നു. ഇതോടെ, ഐസിസി 2021-2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഏറ്റവും പുതിയ പോയിന്റ് പട്ടികയിലെ ടീമുകളുടെ സ്ഥാനം നമുക്കൊന്ന് പരിശോധിക്കാം.

ഇന്ത്യ ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് സമനിലയിൽ കലാശിച്ചതോടെ, ടീം ഇന്ത്യ നാല് പോയിന്റുകൾ നേടി. ഇപ്പോൾ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് ആകെ 30 പോയിന്റുണ്ട്. എന്നാൽ, ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ശ്രീലങ്കയാണ് ഒന്നാം സ്ഥാനത്ത്. കാരണം, അവരുടെ PCT% (മൊത്തം പോയിന്റുകളുടെ ശതമാനം) ഇന്ത്യയേക്കാൾ കൂടുതലാണ്. എന്നിരുന്നാലും, ടേബിൾ-ടോപ്പർമാരായ ശ്രീലങ്ക, കേവലം 12 പോയിന്റുമായി, മൊത്തം പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയെക്കാൾ വളരെ താഴെയാണ്.

പോയിന്റ് ടേബിളിലെ ടീമുകളുടെ റാങ്കിംഗ് പോയിന്റ് ശതമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. ഐസിസി നിയമപ്രകാരം വിജയിക്കുന്ന ടീമിന് ഒരു വിജയത്തിന് 12 പോയിന്റും സമനിലയ്ക്ക് നാല് പോയിന്റുമാണ് നൽകുന്നത്. തോൽവിക്ക് പോയിന്റുകൾ ഒന്നും തന്നെ നൽകുന്നുമില്ല. ശ്രീലങ്കയ്‌ക്ക് തുല്യമായ 12 പോയിന്റുള്ള പാകിസ്ഥാൻ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പാകിസ്ഥാൻ ഇതുവരെ രണ്ട് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടൊള്ളൂ, അതിൽ ഒരു ടെസ്റ്റ് ജയിക്കുകയും ഒരു ടെസ്റ്റ് തോൽക്കുകയും ചെയ്തു. യഥാക്രമം 12, 4, 14 പോയിന്റുകളുമായി വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് പാക്കിസ്ഥാന് തൊട്ടുപിന്നിലുള്ളത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ ഇതുവരെ പോയിന്റ് പട്ടിക ഓപ്പൺ ചെയ്തിട്ടില്ല.

Comments are closed.